സിപിഐഎമ്മിൽ 75 വയസ്സ് പൂർത്തിയായവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ നിലനിർത്തുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി സംസ്ഥാന നേതൃത്വമാണ്. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലും കേരളത്തിലും എല്ലാം പ്രായപരിധി വ്യത്യസ്തമാണ്. തമിഴ്നാട്ടില്‍ പ്രായപരിധി 72 ആണെങ്കില്‍, ആന്ധ്രയില്‍ 70 ഉം കേരളത്തില്‍ 75 ആണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. അതാത് സംസ്ഥാനത്തിലെ കേഡർമാരുടെ പാർട്ടി നേതൃത്വത്തിന്റെ ആരോഗ്യശേഷിയും കാര്യശേഷിയും കണക്കിലെടുത്താണ് പാർട്ടി ഈ തീരുമാനം കൈക്കൊണ്ടത്.
സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സംഘടനാകാര്യങ്ങൾ ചർച്ച ചെയ്യുമെന്നും വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരിൽ മദ്യപിക്കുന്നവരുണ്ടാകുമെന്നും എന്നാൽ പാർട്ടി മെമ്പർമാർ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്, മദ്യപിക്കുന്ന ആളുകൾ അല്ല പാർട്ടി ആഗ്രഹിക്കുന്ന കേഡർമാർ, പാർട്ടിയുടെ ഭരണഘടനയിൽ ഉള്ളതാണ് പറഞ്ഞതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.