സ്ത്രീധന പീഡന പരാതികളില്‍ പ്രതിസ്ഥാനത്ത് കൂടുതല്‍ എത്തുന്നത് വനിതകളാണെന്നും അവര്‍ക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ടെന്നും കേരള വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. സ്ത്രീവിരുദ്ധമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന മനസുകള്‍ വനിതകള്‍ക്കിടയിലുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷന് ചെയ്യുന്നതെന്നും അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.
പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് സതീദേവി പറഞ്ഞു. സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് എതിരായാണ് വനിത കമ്മീഷനുകള്‍ നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.
പുരുഷ മേധാവിത്വ സമൂഹത്തില്‍ എല്ലാവരും തുല്യരാണ് എന്ന് ഭരണഘടനയില്‍ എഴുതിവെച്ചത് കൊണ്ട് മാത്രം അത് കൈവരിക്കാനാവില്ല. അക്കാര്യം അറിയാവുന്നതിനാലാണ് ഭരണഘടന ശില്പികള് ആലോചിച്ച് ആര്‍ട്ടിക്കിള്‍ 15 ന് മൂന്നാം ഉപവകുപ്പ് ചേര്‍ത്തത്. ഒരു വിഭാഗം ഏതെങ്കിലും തരത്തില്‍ ചൂഷണമോ വിവേചനമോ അരികുവത്കരിക്കപ്പെടുന്നതായോ ചെയ്യുന്നതായി കണ്ടെത്തിയാല്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനും നിയമസഭകള്‍ക്കും അധികാരം നല്‍കുന്നതാണ് മൂന്നാം ഉപവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷനുകള്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ രൂപീകരിക്കപ്പെട്ടതെന്നും ചെയര്‍പേഴ്സണ്‍ ഓര്‍മിപ്പിച്ചു.