കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാൻ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണെന്ന് ചെറിയാൻ ഫിലിപ്പ്. വികലമായ ധനകാര്യ മാനേജ്മെൻ്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകർത്ത തോമസ് ഐസക്ക് കേരളത്തിൻ്റെ അന്തകനാണ്.
അക്കാദമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് കേരളത്തിൻ്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെപ്പറ്റി യാതൊരുവിധ പ്രായോഗിക ജ്ഞാനവും ഇല്ലാത്തതുകൊണ്ടാണ് പ്രത്യുല്പാദനപരമല്ലാത്ത പദ്ധതികൾക്കായി കിഫ്ബി പണം ധൂർത്തടിച്ചത്. കടത്തിനു പുറമെ ഇന്ധന സെസും മോട്ടോർ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്ക് മാറ്റിയത് ദുരുദ്ദേശപരമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കിഫ്ബിയുടെ പേരിൽ അമിത പലിശയ്ക്ക് മുപ്പതിനായിരം കോടി രൂപ കടമെടുത്ത സർക്കാരിന് കടത്തിൻ്റെ പലിശ പോലും അടയ്ക്കാൻ കഴിയാത്തതിനാലാണ് യാത്രക്കാരിൽ നിന്നും ട്രോൾപിരിവ് നടത്താൻ ഇപ്പോൾ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ട്രോൾപിരിവ് എന്ന ആവശ്യം തോമസ് ഐസക് മുന്നോട്ടു വെച്ചെങ്കിലും പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയാണുണ്ടായത്.