കര്‍ണാടകയിലെ മലയാളി നഴ്സിങ് വിദ്യാര്‍ത്ഥി അനാമികയുടെ മരണത്തില്‍ ദയാനന്ദ സാഗര്‍ കോളജ് മാനേജ്മെന്റിനെതിരെ ആരോപണവുമായി കുടുംബം. ആത്മഹത്യക്കുറിപ്പ് മറച്ചുവെച്ചുവെന്നും, ഫീസിന്റെ പേരില്‍ ഉള്‍പ്പെടെ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്നും കുടുംബം ആരോപിച്ചു. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിരന്തരമായ മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് അനാമികയുടെ സഹപാഠികളും വ്യക്തമാക്കുന്നത്. അനാമികയുടെ റൂം മേറ്റ് ഇതിന് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് ശേഷം കോളജ് അധികൃതര്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
അനാമിക മാനസിക സംഘര്‍ഷം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന ശബ്ദ സംഭാഷണം പുറത്ത് വന്നു. ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലിയും അടിച്ച് വിടുകയേ ഉള്ളുവെന്ന് കുട്ടി പറയുന്നുണ്ട് എനിക്ക് വട്ടാണോ എന്ന് ഉള്‍പ്പടെ ചോദിച്ചു. പിന്നെ ഇനി ഞാനിവിടെ നിന്നിട്ട് കാര്യമില്ലല്ലോ – അനാമിക പറയുന്നു. താന്‍ ഇനി പഠിച്ചിട്ട് കാര്യമില്ലെന്നും തലയില്‍ ഒന്നും കയറുന്നില്ലെന്നും കുട്ടി പറയുന്നുണ്ട്. സസ്പെന്‍ഷനിലാണെന്ന് പറഞ്ഞതായും അനാമിക വ്യക്തമാക്കുന്നുണ്ട്.
മരണത്തിന് പിന്നില്‍ കോളജ് മാനേജ്മെന്റിന്റെ മാനസിക പീഡനമെന്ന് അനാമികയുടെ സഹപാഠികളും രംഗത്തെത്തിയിരുന്നു. കോളജ് കവാടം വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ രണ്ട് മൂന്ന് അധ്യാപകര്‍ വാക്കുകള്‍ കൊണ്ട് വല്ലാതെ അധിക്ഷേപിച്ചുവെന്ന് സഹപാഠികള്‍ പറയുന്നു. ഇന്നലെ രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ അനാമിക എഴുതിയിട്ടുണ്ട്. ഒന്ന് കുടുംബത്തെ കുറിച്ചുള്ളതും മറ്റൊന്ന് മാനേജ്മെന്റിനെ കുറിച്ചുള്ളതും. മാനേജ്മെന്റിനെയും അധ്യാപകരെയും കുറിച്ച് പറഞ്ഞ കത്ത് ഇപ്പോള്‍ കാണാനില്ല. അത്, ഒളിപ്പിച്ചു – കുട്ടികള്‍ പറയുന്നു.
സെമസ്റ്റര്‍ പരീക്ഷയില്‍ പാസായാലും ഇന്റേണല്‍ പരീക്ഷയില്‍ തങ്ങളെ തോല്‍പ്പിക്കുമെന്നും ആണ്‍കുട്ടികളുടെ കൂടെ കണ്ടു എന്നത് പോലുള്ള കാരണങ്ങള്‍ പറഞ്ഞാണ് ഇന്റേണല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുകയാണ് കോളജ് മാനേജ്മെന്റ് .പരീക്ഷയില്‍ കോപ്പിയടിച്ചതിനുള്ള നടപടി മാത്രമാണ് അനാമികക്കെതിരെ ഉണ്ടായതെന്നാണ് കോളജ് മാനേജ്മെന്റിന്റെ വിശദീകരണം.