തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില പരിഷ്കരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 2010 ന്ശേഷം സംസ്ഥാനത്തെ ഭൂമിവില ഉയര്‍ന്നിട്ടുണ്ടെന്നും ഇതനുസരിച്ച് ന്യായവിലയിലും പരിഷ്കരണം കൊണ്ടുവരുമെന്നും കുറ്റമറ്റതാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ വസ്തുവിന്റെയും ഉപയോഗക്രമം അനുസരിച്ചുള്ള ഭൂനികുതി നിശ്ചയിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളും.
പാട്ടക്കുടിശിക പിരിച്ചെടുക്കുന്നതിനായി ആംനസ്റ്റി സ്കീം കൊണ്ടുവരും. ഇതിലൂടെ കുടിശിക തീര്‍ക്കുന്നവര്‍ക്ക് താഴ്ന്ന നിരക്കില്‍ പാട്ടക്കരാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുടിശിക തീര്‍ക്കാത്തവരുടെ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.
നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കും. 200 കോടി രൂപയുടെ വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോടതി നിരക്കുകള്‍ വര്‍ധിപ്പിക്കും. അപ്പീലുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കും. ഹൈക്കോടതിയില്‍ നല്കുന്ന റിവിഷന്‍ പെറ്റീഷനും ഫീസ് കൂട്ടി. വസ്തുസംബന്ധമായ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്.
പാട്ടഭൂമി കെട്ടിട സ്റ്റാംപ് ഡ്യൂട്ടി പരിഷ്കരിക്കും. 40 കോടി അധികവരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തോടുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് റജിസ്ട്രേഷന് നിരക്ക് കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.