തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിക്കായി 1132 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2025 മാര്‍ച്ച് 31നകം പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങളുടെ എണ്ണം അഞ്ച് ലക്ഷത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.
2023-24 വര്‍ഷത്തില്‍ 1,51,073 വീടുകളുടെ നിര്‍മാണവും പദ്ധതിയില്‍ ഇതുവരെ 3,71,934 വീടുകളുടെ നിര്‍മാണവുമാണ് പൂര്‍ത്തിയാക്കിയത്. 1,19,687 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈഫ് പദ്ധതിക്കായി സര്‍ക്കാര്‍ ഇതുവരെ 17,104.8 കോടി രൂപ രൂപ ചെലവഴിച്ചത്.
ലൈഫ് പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പതിനായിരം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിനായി നിലവിലുള്ള ബജറ്റ് വിഹിതത്തിനു പുറമേ സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് ദീര്‍ഘകാല വായ്പാപദ്ധതി ഉപയോഗിച്ച് വേഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും.
അതേസമയം കുടുംബശ്രീക്ക് 265 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. 10.5 കോടി തൊഴില്‍ദിനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നല്‍കും. 430 കോടിരൂപയുടെ ഉപജീവന പദ്ധതികള്‍ കുടുംബശ്രീയിലൂടെ നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.