തിരുവനന്തപുരം: കേരള ലോട്ടറിയുടെ സമ്മാനഘടന പരിഷ്കരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി പ്രതിവാര ഭാഗ്യക്കുറി സീരീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. വരുമാനം കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബശ്രീയ്ക്കായി ബജറ്റില്‍ 262 കോടി രൂപ വകയിരുത്തി. ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടുകളുടെ എണ്ണം അടുത്തവര്‍ഷം മാര്‍ച്ചില്‍ അഞ്ചുലക്ഷമാകുമെന്നും മന്ത്രി സഭയെ അറിയിച്ചു. ലൈഫ് പദ്ധതിക്കായി രണ്ടുവര്‍ഷംകൊണ്ട് 10,000 കോടി ചെലവഴിക്കും.
ന്യൂനപക്ഷ ക്ഷേമത്തിന് 73 കോടി രൂപ വകയിരുത്തി. അംഗന്‍വാടി ജീവനക്കാര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കും. ലഹരി വിരുദ്ധ പദ്ധതിയായ വിമുക്തിക്ക് 9.5 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്ഷൂറന്സിലേക്കുള്ള സര്‍ക്കാര്‍ വിഹിതം അന്‍പത് ലക്ഷത്തില്‍ നിന്നും 75 ലക്ഷമാക്കി വര്‍ധിപ്പിച്ചു.
അഞ്ച് കോടി രൂപ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി ‘മഴവില്ല്’ പദ്ധതിക്ക് അനുവദിച്ചു. 10 കോടി രൂപ നിര്‍ഭയ പദ്ധതിയിലേക്കും പത്തുകോടി സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്കായും വകയിരുത്തി. 35 കോടി രൂപയാണ് മുന്നാക്ക ക്ഷേമത്തിനായി നീക്കിവച്ചിരിക്കുന്നത്.