തിരുവനന്തപുരം സംസ്ഥാനത്ത് സൗജന്യ യൂണിഫോം വിതരണം ചെയ്യാന്‍ 135.34 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റവതരണത്തില്‍. സ്കൂളുകളുടെ ആധുനികവല്‍ക്കരണത്തിന് 33 കോടി രൂപ അനുവദിച്ചു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കും. ഇതിന്റെ ആദ്യപടിയെന്നോണം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു സ്കൂള്‍ മോഡല്‍ സ്കൂളായി ഉയര്‍ത്തും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തും. പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനായി 1032 കോടി രൂപയാണ് വകയിരുത്തി.
ആറുമാസത്തിലൊരിക്കല്‍ അധ്യാപകര്‍ക്ക് റസിഡന്‍ഷ്യലായി പരിശീലനം നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രകടനവും വിലയിരുത്തും. പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി അടിസ്ഥാന മാധ്യമ വിവര സാക്ഷരതാ പദ്ധതി നടത്തി. എഐയും ഡീപ് ഫേക്കും സങ്കീര്‍ണമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഒരുകോടി രൂപ നീക്കി വയ്ക്കുമെന്നും ബജറ്റവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു. സ്കൂള്‍ കുട്ടികള്‍ക്കായി മാര്‍ഗദീപം സ്കോര്‍ഷിപ് ഏര്‍പ്പെടുത്തും. 20 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 57 കോടിയും പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പിന് തുകയും വകയിരുത്തി. ഭൂരഹിതരമായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാന്‍ 170 കോടി ഉള്‍പ്പെടെ പട്ടിക വര്‍ഗ വികസനത്തിനായി ആകെ 859.5 കോടി വകയിരുത്തി. പാലക്കാട് മെഡിക്കല്‍ കോളജിന് 50 കോടിയും അനുവദിച്ചു. എസ്സി, എസ്ടി വിദ്യാര്‍ഥികളുടെ നൈപുണ്യ വികസന പദ്ധതിക്കായി 55 കോടിയും അനുവദിച്ചു.