തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗം ബാധിച്ച് മൂന്നുപേരുടെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴയിലും തൃശൂരിലും കാഞ്ഞങ്ങാടും ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിലാണ് കാര്യമായ പുരോഗതിയുള്ളത്. സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസുകൾ നിലവില്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴയിൽ സമാന രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുളള കൂടുതൽ പേരുടെ സാമ്പിൾ പരിശോധന ഫലങ്ങൾ ഇന്നു ലഭ്യമായേക്കും. 15 പേരാണ് ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലുള്ളത്.
രോഗലക്ഷണങ്ങളോടെ 28 പേരാണ് തൃശൂരിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. തൃശൂരിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള രോഗികൾക്ക് വൈ ഫൈ കണക്ഷൻ എടുക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കളക്ടർ അറിയിച്ചു. അതേസമയം കാസർഗോഡ് മൂന്ന് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമാനമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി.