തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള അക്രമങ്ങള്‍ക്ക് ശമനമില്ല. തലശേരിയില്‍ സി.പി.എം – ബി.ജെ.പി നേതാക്കളുടെ വീടിനു നേരെ ബോംബേറുണ്ടായി. ബി.ജെ.പി നേതാവ് വി. മുരളീധരന് എം.പി, സി.പി.എം നേതാവ് എ.എന്‍. ഷംസീര്‍ എം.എല്‍.എ, സി.പി.എം മുന്‍ ജില്ലാസെക്രട്ടറി പി. ശശി എന്നിവരുടെ വീടുകളിലേക്കാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് വി. മുരളീധരന് എം.പിയുടെ തലശ്ശേരി എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട്ടു വീടിനു നേരെ ബോംബേറുണ്ടായത്. വാഹനത്തിലെത്തിയ അക്രമികള്‍ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. രാത്രി ഏഴോടെ ആര്.എസ്.എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ തലശ്ശേരി തിരുവാങ്ങാട്ടെ ’മാരുതി” എന്ന വീടിന് നേരെ ആക്രമണമുണ്ടായി. അക്രമി സംഘം ചന്ദ്രശേഖരനെയും മകള്‍ മീനയെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനു തിരിച്ചടി എന്നോണമാണ് രാത്രി പത്തിന് ഷംസീറിന്റെ വീട് ആക്രമിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് ബോംബെറിഞ്ഞത്. സംഭവ സമയം അദ്ദേഹം തലശേരിയിലെ സമാധാന യോഗത്തിലായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
രാത്രി 11നായിരുന്നു ബൈക്കിലെത്തിയ അക്രമി സംഘം പി. ശശിയുടെ തലശ്ശേരി കോടതിയ്ക്ക് സമീപത്തെ വീടിനു നേരെ ബോംബെറിഞ്ഞത്. സംഭവ സമയത്ത് ശശി വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇരിട്ടിയില്‍ നടന്ന സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. പരിക്കേറ്റ പെരുമ്ബറമ്ബിലെ വി.കെ. വിശാഖിനെ (28) കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ കണ്ണൂരില്‍ അക്രമം വ്യാപിക്കുകയാണ്. അവധിയില്‍ പോയ പൊലീസുകാരെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ പുതിയതെരുവില്‍ ബി.ജെ.പി ഓഫീസിനു നേരെ ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞു. ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഓഫീസിനു തീപിടിച്ച് ഒരാള്‍ക്ക് പൊള്ളലേറ്റു. കാസര്‍കോട് മഞ്ചേശ്വരത്ത് പോപ്പുലര്‍ ഫ്രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്ബത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.അക്രമം വ്യാപിക്കുന്നതിനാല്‍ കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.