കോഴിക്കോട്: തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് വീരവാദം മുഴക്കിയ കെ.ടി ജലീലിനെ വെല്ലുവിളിച്ച് ഹൈക്കോടതിയിലെ യൂത്ത് ലീഗ് അഭിഭാഷകന് അഡ്വ.സജല്‍. അദീബിനെ നിയമിക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ ഇന്ന് ഉത്തരവിറക്കിയ എം.ഡബ്ലിയു 2 ഫയല്‍ പുറത്തുവിടാന്‍ തയ്യാറാണെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ താങ്കളുടെ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചുതരാമെന്ന് സജല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അദീബിനെ നിയമിക്കാന്‍ കഴിയില്ലെന്ന് ഗവണ്മെന്റ് സെക്രട്ടറിമാര്‍ ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ മറികടന്ന് ജലീലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അദീബിനെ നിയമിച്ചത്. ഫയല്‍ പുറത്തുവിട്ടാല്‍ നിയമനത്തില്‍ തന്റെ പങ്ക് ന്യായീകരിക്കാന്‍ കഴിയാത്തവിധം വ്യക്തമാവുമെന്നതിനാല്‍ ഈ ഫയല്‍ പുറത്തുവിടാന്‍ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ബന്ധുനിയമനവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ കൈകാര്യം ചെയ്യുന്ന യൂത്ത് ലീഗിന്റെ അഭിഭാഷകനാണ് അഡ്വ. സജല്‍.
അഴിമതി വസ്തുതാപരമായി തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ജലീല്‍ നിയമസഭയില്‍ പറഞ്ഞത്. പ്രവര്ത്തനപരിചയമുള്ളയാളെ നിയമിക്കുന്നത് സാധാരണ നടപടിയാണ് എന്നായിരുന്നു ജലീലിന്റെ ന്യായീകരണം. മുഖ്യമന്ത്രിയും ജലീലിനെ അഴിമതിയെ ന്യായീകരിച്ച് രംഗത്തെത്തി. അതേസമയം ജലീലിനെ ന്യായീകരിച്ചതിലൂടെ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പ്രതികരിച്ചു.