നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈകോടതി. 1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഈ മാസം 15ന് ഇവരെ ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, പ്രതികളെ ഹാജരാക്കുന്ന അന്നായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെയാണ് 2015 ൽ കൊലപ്പെടുത്തിയത്. മുസ്ലീംലീഗ് പ്രവർത്തകർ അടക്കമുളളവർക്കെതിരെയാണ് കേസ് എടുത്തിരുന്നത്. നാദാപുരം മേഖലയിൽ സിപിഎം-ലീഗ് തമ്മിലുള്ള സംഘർഷത്തിൻ്റെ തുടർച്ചയായിരുന്നു കൊലപാതകം.
നേരത്തെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു 18 പ്രതികളില്‍ 17 പേരെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ വെറുതെ വിട്ടത്. 2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. കേസില്‍ തെയ്യംപാടി ഇസ്മായില്‍, സഹോദരന് മുനീര്‍ എന്നീ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രതികളായിരുന്നു. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് കേസ്.