കണ്ണൂര്‍ കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കേസില്‍ യുവതിയുടെ സുഹൃത്തും പെരുവ സ്വദേശിയുമായ ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 28 നാണ് താഴെ മന്ദംചേരി സ്വദേശിനിയായ ശോഭയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫേസ്ബുക്കുവഴി പരിചയപ്പെട്ട് അടുപ്പത്തിലായ ശോഭയെ കൊലചെയ്ത് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രതി.
കഴിഞ്ഞ മാസം 24 നാണ് ശോഭയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം മുപ്പത്തിനാലുകാരിയായ ശോഭയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോലമ്പ്ര പുരളിമല കുറിച്യ കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ കശുമാവിന് തോട്ടത്തിലായിരുന്നു മൃതദേഹം. ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം.
ഭര്‍ത്താവ് മരണപ്പെട്ട ശോഭയുമായി ഫേസ്ബുക്ക് വഴി അടുപ്പത്തിലായിരുന്ന ബിബിന്‍ ആണ് കൊലയാളിയെന്ന് പിന്നീട് പൊലീസ് മനസിലാക്കി. 37 കാരിക്ക് പ്രതി വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. ബിബിന്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞ് ശോഭയെ പ്രതി മാലൂരിലേക്ക് കൊണ്ടുപോയി. ഇവിടെ നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. അവിടെവച്ച് കഴുത്തില്‍ കുരുക്കുമുറുക്കി കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. സ്വര്‍ണ്ണവും മൊബൈലും അപഹരിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിബിന്‍ കുഴിച്ചിട്ട സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. ശോഭയുടെ മൊബൈലും സ്വര്‍ണ്ണം പ്രതി ബിബിന്‍ കൈക്കലാക്കിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ബിബിനിലേക്ക് എത്തിയത്. പ്രതിയുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയാണ്.