മൂവാറ്റുപുഴ : സേനയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ദിവസം ആര്‍ത്തവ അവധി നല്‍കണമെന്ന് കേരളാ പോലീസ് അസോസിയേഷന് എറണാകുളം റൂറല്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പോലീസിന്റേത്. ആര്‍ത്തവസമയങ്ങളില്‍ സ്തീകള്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കണമെന്നും 38–മത് സമ്മേളനം ആവശ്യപ്പെട്ടു.
മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാര്‍ത്ത് ജീവനക്കാര്‍ക്ക് ആയാസരഹിതമായി സേവനം ലഭ്യമാക്കണം. മെഡിസിപ്പില്‍ പങ്കാളികളായ പല ആശുപത്രികളില്‍ നിന്നും സേവനം ലഭ്യമാകുന്നില്ല.
പോലീസുദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ലഭിക്കേണ്ട ഡി.എ കുടിശിക ഉടനടി തീര്‍ത്ത് നല്‍കണം. വര്‍ദ്ധിച്ച് വരുന്ന ജീവിതച്ചിലവുകള്‍ കണക്കിലെടുത്ത് ഭാവിയില്‍ സമയബന്ധിതമായി ഡി.എ നല്‍കണം.
അവധി രഹിത തൊഴിലിടം എന്ന നിലയ്ക്ക് പൊതു അവധി ദിവസങ്ങളിലും പോലീസുദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ടതായി വരുന്നു. അവധി ദിവസങ്ങളില്‍ കുട്ടികളെ പരിപാലിക്കുന്നതിനുള്ള പ്രയാസം കണക്കിലെടുത്ത് ജില്ലാ പോലീസ് ആസ്ഥാനത്തും , സബ് ഡിവിഷന് കേന്ദ്രങ്ങളിലും കുട്ടികളെ സുരക്ഷിതമായി പരിപാലികന്നതിന് ഡേ കെയര്‍ സംവിധാനം കൊണ്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു .
പ്രതിനിധിസമ്മേളനം ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്സേന ഐപിഎസ് ഉല്‍ഘാടനം ചെയ്തു . പോലീസ് അസോസിയേഷന് പ്രസിഡന്റ് പി എ ഷിയാസ് അധ്യക്ഷന്‍ ആയി. മുവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് പി പി എല്‍ദോസ് മുഖ്യാതിഥി ആയിരുന്നു. പോലീസ് അസോസിയേഷന് മുന്‍ സംസ്ഥാന സെക്രട്ടറി പി ജി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.പോലീസ് പോലീസ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് ഷിനോദാസ് എസ് ആര് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുവാറ്റുപുഴ ഡിവൈഎസ്പി എ ജെ തോമസ്, മറ്റ് സംസ്ഥാനത്തെയും ജില്ലയിലെയും പോലീസ് അസോസിയേഷന് നേതാക്കള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .റൂറല്‍ ജില്ല സംഘടന റിപ്പോര്‍ട്ട് അസോസിയേഷന് ജില്ല സെക്രട്ടറി ടി ടി ജയകുമാര്‍ അവതരിപ്പിച്ചു. സാംസ്കാരിക സായാഹ്നം ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് ഉല്‍ഘാടനം ചെയ്തു. സിനിമ താരം വിഷ്ണു ഉണ്ണികൃഷ്ണന് മുഖ്യാതിഥി ആയിരുന്നു.