കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. കൂടാതെ ഡ്രൈവർ യദുവിനെതിരെ കൂടുതൽ പ്രതികരണവുമായി നടി റോഷ്ന ആൻ റോയ്. ഒരുവർഷം മുൻപ് നടന്ന സംഭവം യദുവിന് ഓർമ്മയില്ലെങ്കിലും തനിക്ക് ഓർമ്മയുണ്ടെന്നും അത്രയും മോശമായാണ് തന്നോട് സംസാരിച്ചതെന്നും നടി ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂണ്‍ 18നായിരുന്നു. മടക്കയാത്ര ജൂണ്‍ 19നും. ജൂണ്‍ 19ന് കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്നയുടെ ആരോപണം.തിരുവനന്തപുരം തമ്പാനൂരിലെ സെന്‍ട്രല്‍ ഡിപ്പോയിലെ ഷെഡ്യൂളിലാണ് യദുവാണ് ഈ ബസ് ഓടിച്ചതെന്ന വിവരം ഉള്ളത്.
പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. രണ്ടുവണ്ടികൾക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണ് അവിടെയുണ്ടായിരുന്നത്. വളരെ സ്പീഡിലാണ് യദു അന്ന് ബസ് ഓടിച്ചിരുന്നത്. ബസ് കുറേ ഹോൺ അടിക്കുകയും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പണി നടക്കുന്നതിനാൽ പതിയെ പോകണമെന്ന് അവിടെ വ്യക്തമായി എഴുതിവച്ചിട്ടും ഉണ്ടായിരുന്നു. ആംബുലൻസ് പോകുന്നതുപോലെയായിരുന്നു യദു ബസ് ഓടിച്ചത്’- റോഷ്ന വ്യക്തമാക്കി. അതേസമയം, നടിയുമായി തർക്കം നടന്നതായി ഓർമ്മയില്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് ഡ്രൈവർ യദു പ്രതികരിച്ചത്.