സംസ്ഥാനത്ത് വാക്സിന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. 4 ലക്ഷം ഡോസ് കൂടി ഇന്ന് രാത്രിയെത്തിക്കും. എഴുപത്തയ്യായിരം ഡോസ് വാക്സിന് രാവിലെയെത്തി. 18 കഴിഞ്ഞവരുടെ വാക്സിനേഷന് സംബന്ധിച്ച് വിവരങ്ങളില്‍ വ്യക്തതയില്ല.
ഇന്ന് രാത്രിയോടെ കോവിഷീല്‍ഡ് വാക്സിന് 4 ലക്ഷം ഡോസ് തിരുവനന്തപുരത്തെത്തിക്കും. നാളെ എറണാകുളം, കോഴിക്കോട് റീജിയണുകളിലേയ്ക്ക് വാക്സിന് വിതരണം ചെയ്യും. നാളെ കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
രണ്ടു ലക്ഷമായി സ്റ്റോക്ക് ചുരുങ്ങിയതോടെ പല ജില്ലകളിലും പരിമിതമായ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിനേഷന് നടന്നത്. വാക്സിന് ക്ഷാമം കാരണം വളരെക്കുറച്ച് സമയം മാത്രമാണ് റജിസ്ട്രേഷനായി കൊവിന്‍ പോര്‍ട്ടല്‍ തുറന്നു കൊടുക്കുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്ളോട്ടുകള്‍ തീരുന്നതോടെ പലര്‍ക്കും രജിസ്റ്റര്‍ ചെയ്യാനാകുന്നില്ല. സ്പോട്ട് റജിസ്ട്രേഷനിലൂടെ രണ്ടാം ഡോസ് വാക്സിനേഷന് കാര്യമായ പരാതികളില്ലാതെ മുമ്പോട്ടു പോകുന്നുണ്ട്. കേന്ദ്ര നിര്‍ദേശം കിട്ടിയാലെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് എപ്പോള്‍ തുടങ്ങാനാകുമെന്ന് പറയാന്‍ സാധിക്കൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ മറുപടി.