വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 1,66,263 പേരാണ് നാട്ടിലേക്കു വരാനായി നോർക്ക വഴി റജിസ്റ്റർ ചെയ്തത്. കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ. ഇവരെ നാട്ടിലേക്ക് തിരികെയെത്താൻ നടപടി ആരംഭിച്ചു. 28,220 പേരാണ് പാസിന് അപേക്ഷിച്ചത്. 5470 പാസുകൾ വിതരണം ചെയ്തു. നോർക്കവഴി റജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകുന്നുണ്ട്. റജിസ്റ്റർ ചെയ്തവരുടെ എണ്ണം സഹിതം പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിൽ നിന്ന് ഇതുവരെ 13,000ത്തോളം അതിഥി തൊഴിലാളികളാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകളിൽ പോയത്. ഈ ട്രെയിനുകളിൽ സംസ്ഥാനങ്ങളിലേക്ക് വരാനുള്ളവർക്കു തിരികെവരാനുള്ള സൗകര്യവും ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. കൂടാതെ സാമൂഹിക അകലം പാലിച്ച് പുതിയ നോൺ സ്റ്റോപ് ട്രെയിനുകളും അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യാർഥിച്ചിട്ടുണ്ട്.
നോർക്കയിൽ റജിസ്ട്രേഷൻ നമ്പർ വഴി കോവിഡ് ജാഗ്രതയിൽ റജിസ്റ്റർ ചെയ്ത് അതത് ജില്ലാ കലക്ടർമാർ പരിശോധിച്ച് അതിനുള്ള നടപടികൾ ആരംഭിക്കും. വാഹനങ്ങളിൽ ശാരീരിക അകലം പാലിക്കും വിധം യാത്രക്കാരുടെ എണ്ണം ക്രമപ്പെടുത്തി. അതിർത്തി വരെ വാടക വാഹനത്തിൽ വന്ന് മറ്റു വാഹനങ്ങളിൽ വരാനാഗ്രഹിക്കുന്നവർ അതിന് വേണ്ട ക്രമീകരിണങ്ങൾ ചെയ്യണം, ഡ്രൈവർമാർ ക്വാറന്റീനിൽ പോകണം.
മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മാതാപിതാക്കളെയോ കുട്ടികളെയോ ബന്ധുക്കളെയോ കൂട്ടിക്കൊണ്ടുവരാൻ അവർ താമസിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് അനുമതി വാങ്ങണം. ഒപ്പം അവർ തിരികെയെത്തുന്ന ജില്ലയിലെ കലക്ടറിൽ നിന്നും അനുമതി വാങ്ങണം. മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്കാണ് ആദ്യ യാത്രാനുമതി. ഗർഭിണികൾ, കേരളത്തിൽ നിന്ന് മറ്റാവവശ്യങ്ങൾക്കായി അന്യസംസ്ഥാനങ്ങളിൽ പോയവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവരാണ് മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഘട്ടംഘട്ടമായി ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള പദ്ധതിയാണ് സർക്കാർ തയാറാക്കിയത്.
സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയയ്ക്കില്ല. നാട്ടിൽ പോകാൻ അത്യാവശ്യമുള്ളവരും താൽപര്യം പ്രകടിപ്പിക്കുന്നവർക്കുമാണ് യാത്രാസൗകര്യം ഒരുക്കുന്നത്. കേരളത്തിനകത്ത് വിവിധ ജില്ലകളിൽ ലോക്ഡൗണിനു മുമ്പ് വന്ന് കുടുങ്ങിയവരുണ്ട്. കൂടാതെ അത്യാവശ്യങ്ങൾക്ക് മറ്റു ജില്ലകളിലേക്ക് പോകേണ്ടവരുണ്ട്. അവർ അടുത്തുള്ള പൊലീസ് സ്റ്റേഷനെ സമീപിക്കുക. അവിടെനിന്ന് പാസ് ലഭ്യമാക്കും. ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാനും നടപടി ആരംഭിച്ചു. സംസ്ഥാനത്തെ ഓട്ടോ മൊബെൽ വർക്ക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും കണ്ടെൻമെന്റ് സോണൊഴികെയുള്ളിടത്ത് തുറക്കാൻ അനുമതി നൽകും. ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂർണ ഒഴിവിൽ ഭക്ഷണം പാഴ്സൽ നൽകുന്ന കടകൾക്ക് ഉച്ചയ്ക്ക് ശേഷം മറ്റു ദിവസങ്ങളിലെ പോലെ പ്രവർത്തിക്കാം.
കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ റോഡ് അടച്ചിടില്ല. റെഡ് സോണിൽ ആണെങ്കിലും കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ റോഡുകൾ അടച്ചിടേണ്ട. ഓറഞ്ചിലും ഇത് ബാധകം. വിദേശത്തു നിന്നു തിരിച്ചുവരുന്ന പ്രവാസികൾക്ക് ഡോക്ടർമാരുമായും ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ സൗജന്യമായി പുതിയ മൊബെൽ നമ്പർ നൽകുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു