തിരുവനന്തപുരം: റൂട്ട് മാറി ഓടിയ സ്വകാര്യബസ് തടഞ്ഞ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് നൂറ് കണക്കിനാളുകളാണ് ബുദ്ധിമുട്ടിലായത്. കെഎസ്ആര്‍ടിസി ജിവനക്കാര്‍ ബസ് റോഡില്‍ നിര്‍ത്തി പ്രതിഷേധം തുടങ്ങിയതോടെ നഗരത്തില്‍ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത കെഎസ്ആര്‍ടിസി ജിവനക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികളുടെ പ്രതിഷേധം. കിഴക്കെ കോട്ട ഡിപ്പോയിലെ തൊഴിലാളികളാണ് സമരത്തിന് ആദ്യം ഇറങ്ങിയത്. പിന്നാലെ തമ്ബാനൂര്‍, നെടുമങ്ങാട് തുടങ്ങിയ ഡിപ്പോകളിലെയും ജീവനക്കാരും സമരത്തിന് പിന്തുണയായി എത്തിയതോടെയാണ് നഗരഗതാഗതം സ്തംഭിച്ചത്.
കെഎസ്ആര്‍ടിസി ജിവനക്കാരുടെ പ്രതിഷേധം നാലുമണിക്കുര്‍ കഴിഞ്ഞിട്ടും യാത്രാക്ലേശം പരിഹരിക്കാനോ ഗതാഗതകുരുക്ക് ഒഴിവാക്കാനോ കഴിഞ്ഞിട്ടില്ല. ഇതില്‍ പൊതുജനം രോഷാകുലരാണ്. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും തൊഴിലാളികളെ നിര്‍ബന്ധിപ്പിക്കാനാവില്ലെന്നായിരുന്നു ട്രേഡ് യൂണിയന് നേതാക്കളുടെ പ്രതികരണം. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതെ ചര്‍ച്ചയ്ക്കില്ലെന്നും എഐടിയുസി നേതാക്കള്‍ പറഞ്ഞു. റൂട്ടുമാറി ഓടിയ സ്വകാര്യബസ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിടിച്ചെടുത്ത ബസ് വിട്ടുനല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പൊലീസ് നിര്‍ദ്ദേശത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലെടുത്ത ജീവനക്കാരെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
ബസ് തടഞ്ഞതിന് തുടര്‍ന്ന് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ബസ് തടയാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അധികാരമില്ലെന്നും കെഎസ്ആര്‍ടിസിസി ജീവനക്കാര്‍ പൊലീസുകാരെയാണ് മര്‍ദ്ദിച്ചതെന്ന് പൊലീസും പറയുന്നു.