റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 15കാരന് പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ എന്‍ഒസി ഹാജരാക്കിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂളിന് എന്‍ഒസി ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും ഇന്ന് വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കോഴ്സ് ആയാലും ആര് നടത്തുന്ന കോഴ്സ് ആയാലും നിയമാനുസൃതം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഒരു എന്‍ഒസി വാങ്ങിയിരിക്കണം. അന്വേഷണത്തിന് പോയ ഉദ്യോഗസ്ഥന് ആദ്യം ചോദിച്ചത് എന്‍ഒസിയാണ്. അത് ഹാജരാക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളാണെന്ന് വ്യക്തമാണ്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കും – വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
അതേസമയം, മിഹിറിനെതിരെ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ഇന്ന് വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. മിഹിര്‍ സ്ഥിരം പ്രശ്നക്കാരന്‍ എന്ന് വാര്‍ത്താക്കുറിപ്പിലുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
മിഹിറിന് മുന്‍പ് പഠിച്ച സ്കൂളില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ടി സി നല്‍കിയിരുന്നുവെന്ന് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ അധികൃതരുടെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. കൂട്ടുകാരുമായി ചേര്‍ന്ന് ഒരാളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നയിച്ച പരാതിയില്‍ തെളിവുകള്‍ ഇല്ല. ആരോപണ വിധേയരിയ കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെളിവില്ലെന്ന് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.