കോട്ടയം : എരുമേലിയില്‍ നിന്ന് കാണാതായ ജെസ്ന മരിയ ജോസ് മതപരിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് സിബിഐ. പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ല. മതപരിവര്‍ത്തന കേന്ദ്രങ്ങളും അജ്ഞതാത മൃതദേഹങ്ങളും ആത്മഹത്യ നടക്കാറുള്ള കേന്ദ്രങ്ങളും അന്വേഷിച്ചതായും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്നയുടെ പിതാവും സുഹൃത്തും പറഞ്ഞത് സത്യമായിരുന്നുവെന്നും ഇരുവരെയും ശാസ്ത്രീയ പരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്നയെ കണ്ടെത്തുന്നതിനായി ഇന്റര്‍പോള്‍ യെലോ നോട്ടിസ് ഇറക്കിയിരുന്നുവെന്നും കണ്ടെത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിച്ചെതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2018 മാര്‍ച്ച് 22നാണ് എരുമേലി വെച്ചുച്ചിറ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ ജെസ്നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്ന മുണ്ടക്കയം ബസ് സ്റ്റാന്റിലൂടെ നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ വരെ ലഭിച്ചു. അതിന് ശേഷം എന്ത് സംഭവിച്ചൂവെന്നതിന് ഒരു തെളിവുമില്ല. കാണാതായെന്ന പരാതി ഗൗരവമായെടുക്കാതെ പിതാവിനെയും സുഹൃത്തിനെയുമെല്ലാം സംശയനിഴലിലാക്കി ലോക്കല്‍ പൊലീസ് ആദ്യം വരുത്തിയ വീഴ്ചയാണ് കേസിന് വലിയ തിരിച്ചടിയായതെന്നാണ് കുടുംബത്തിന്റെ ആരോപണം.