തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. 15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണം. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷമാണ് പ്രസിഡന്റിന്റെ പ്രതികരണം.
തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എ പത്മകുമാര്‍ ഉയര്‍ത്തിയത്. ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ അന്തഃസത്തയ്ക്ക് ചേരാത്ത നടപടിയാണ്. ഇത് കോടതി അലക്ഷ്യമാണ്. ഇക്കാര്യം വിശദമാക്കി ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തന്ത്രിയുടെ മറുപടി കേട്ടതിന് ശേഷം ബാക്കി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി വിധി അനുസരിക്കാന്‍ ബോര്‍ഡിന് ബാധ്യസ്ഥതയുണ്ട്. അത് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ എന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. പൊലീസ് സുരക്ഷയില്‍ മലകയറാന്‍ ഒരുങ്ങി ആദ്യ ശ്രമം പരാജയപ്പെട്ട ശേഷമാണ് ബിന്ദുവും കനകദുര്‍ഗയും സംഘവും വീണ്ടും ശബരിമലയിലെത്തിയത്. അധികമാരും അറിയാതെ ഇവര്‍ വീണ്ടുമെത്തി ദര്‍ശനം നടത്തി മടങ്ങുങ്ങകയായിരുന്നു. തുടര്‍ന്ന് ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചതോടെയാണ് പരിഹാരക്രിയ നടന്നത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശുദ്ധിക്രിയയ്ക്ക് ശേഷമാണ് അന്ന് നട തുറന്നത്.