ആലപ്പുഴ ദേശീയപാതയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് പേരുടേയും പോസ്റ്റ്മോർട്ടം പൂർത്തിയായി. കോട്ടയം സ്വദേശി ദേവാനന്ദ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശീ ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ എന്നിവരുടെ പോസ്റ്റമോർട്ടമാണ് പൂർത്തിയായത്. ഇവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ചശേഷം ബന്ധുക്കൾക്ക് കൈമാറും.
പാലാ മറ്റക്കരയിലെ വീട്ടിലായിരിക്കും ദേവാനന്ദിന്റെ സംസ്കാരം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സംസ്കാരം. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ആയുഷിന്റെ സംസ്കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും. ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളത്ത് നടക്കും
ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിലെ ആദ്യവർഷ വിദ്യാർഥികളായ അഞ്ചുപേരാണ് കളർകോട് വാഹനാപകടത്തിൽ മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച ടവേര കാർ നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആറ് വിദ്യാർത്ഥികൾ ഇപ്പോഴും ചികിത്സയിലാണ്. നിലവിൽ ഐ.സി.യുവിലാണുള്ളത്.