കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഐഎം നേതാവിന് ജാമ്യം നൽകിയതിനെതിരെ ഇ. ഡി.കേസിലെ പ്രതികളായ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷനും സി കെ ജിൽസിന്റെയും ജാമ്യത്തിനെതിരെ ഇ ഡി അപ്പീൽ നൽകും. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ തീരുമാനം.
ജാമ്യം നൽകാതിരിക്കാൻ നിലവിൽ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനടക്കം ജാമ്യം നൽകിയ സുപ്രീംകോടതി ഉത്തരവുകൾ കൂടി പരിഗണിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ നടപടി. കർശന ഉപാധികളോടെയാണ് കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം നേതാവ് പി.ആർ.അരവിന്ദാക്ഷനും സി.കെ.ജിൽസിനും കോടതി ജാമ്യം അനുവദിച്ചത്.
2023 സെപ്റ്റംബർ 26നാണ് കരുവന്നൂർ കേസിൽ അരവിന്ദാക്ഷൻ അറസ്റ്റിലാകുന്നത്. എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷന്റെ അറിവോടെയാണ് നടന്നതെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും, ഇത് ബിനാമി വായ്പകൾ വഴി ലഭിച്ച പണം ആണെന്നുമായിരുന്നു ഇ.ഡി വാദം. അരവിന്ദാക്ഷനും കേസിലെ മുഖ്യപ്രതി സതീഷ് കുമാറും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖയും കള്ളപ്പണ ഇടപാടിന്റെ തെളിവായി ഇ.ഡി. കോടതിയിൽ സമർപ്പിച്ചിരുന്നു. ബാങ്ക് മുൻ അക്കൗണ്ടന്റ് ജിൽസ് ലക്ഷക്കണക്കിന് രൂപയുടെ ഭൂമി വിൽപ്പന നടത്തിയിരുന്നു എന്നും ഇ.ഡി പറയുന്നു.