കൊച്ചി: എറണാകുളം ഫോർട്ട്കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിശദീകരണവുമായി കേരള വാട്ടര്‍ മെട്രോ ലിമിറ്റഡ് അധികൃതര്‍. ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിട്ടില്ലെന്നും ബോട്ടുകള്‍ തമ്മില്‍ ഉരസുക മാത്രമാണ് ചെയ്തതെന്നുമാണ് കെഡബ്ല്യുഎംഎല്ലിന്റെ വിശദീകരണം. ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുവെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിച്ചതെന്നും അധികൃതര്‍ പറയുന്നു. ബോട്ടിലുണ്ടായിരുന്ന ചില യൂട്യൂബര്‍മാരാണ് ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പ്രചരിപ്പിച്ചതെന്നും വിശദീകരിക്കുന്നു.
ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. ഫോർട്ട് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വാട്ടർമട്രോയുടെ ബോട്ട് 50 മീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്ന് വന്ന വാട്ടർ മെട്രോയുടെ തന്നെ ബോട്ടുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഒരു ബോട്ടിൽ അലാറം മുഴങ്ങുകയും വാതിൽ തുറക്കുകയും ചെയ്തത് യാത്രക്കാരെ പരിഭ്രാന്തരാക്കി. കൃത്യമായ ഇടപെടൽ വാട്ടർ മെട്രോ ജീവനക്കാർ നടത്തിയില്ലെന്നാണ് ഇവരുടെ പരാതി. എന്നാൽ ഈ സംഭവത്തിനുശേഷമാണിപ്പോല് കൂട്ടിയിടിയുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി അധികൃതര്‍ രംഗതെത്തിയത്. അപകടത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്താണ് മെട്രോയുടെ തീരുമാനം. അപകടത്തിൽപ്പെട്ട രണ്ട് ബോട്ടുകളും സർവീസ് പുനരാരംഭിച്ചു.