കാലിൽ ഉളുക്കും വീക്കവും അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ആറാം ക്ലാസുകാരൻ വീണു മരിച്ചു. പാമ്പ് കടിയേറ്റാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ മരണകാരണം പാമ്പുകടിയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. വണ്ടിപ്പെരിയാർ ഗവൺമെൻറ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ പശുമല എസ്റ്റേറ്റിൽ സൂര്യ (11) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 27 ന് സ്കൂളിൽ വെച്ച് ഉണ്ടായ വീഴ്ചയിൽ സൂര്യയുടെ ഇടത് കാലിന് പരിക്കേറ്റിരുന്നു. കാലിന് നീര് വന്നതിനെ തുടർന്ന് പിന്നിട് സൂര്യ സ്കൂളിൽ പോകാതെ വീട്ടിൽ വിശ്രമത്തിലായിരുന്നു.
നീര് കുറയാഞ്ഞതോടെ ഇതിനിടയിൽ കുട്ടിക്ക് തിരുമ്മു ചികിത്സയും നടത്തി. ഞായറാഴ്ച ആയതോടെ ദേഹമാസകലം നീര് ബാധിച്ചതിനെ തുടർന്ന് സൂര്യയെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. അവിടെ നിന്ന് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ ഉടനെ മരിച്ചു. തേനി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.