ഹരിപ്പാട് കരുവാറ്റയില്‍ കോഓപ്പറേറ്റീവ് സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ചരക്കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയുമാണ് കവര്‍ന്നത്. നാല് ദിവസത്തെ അവധിക്കു ശേഷം ഇന്ന് ബാങ്ക് തുറന്ന ജീവനക്കാരാണ് മോഷണം നടന്ന വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസും, ഫോറന്‍സിക്ക് വിഭാഗവും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം. ബാങ്കിലെ സിസിടിവിയും മോഷ്ടാക്കള്‍ കൈക്കലാക്കി. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രികരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഓണം അവധിക്കായി 27 ാം തിയതിയാണ് ബാങ്ക് അടച്ചത്. അതുകൊണ്ട് മോഷണം നടന്ന ദിവസം ഇപ്പോഴും വ്യക്തമല്ല. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.