ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ പോലീസിന്റെ കള്ളക്കളി പുറത്ത് വരുന്നു. വാഹനാപകടകേസില്‍ സിസി ടിവി പ്രവര്‍ത്തിച്ചില്ലെന്ന പൊലീസ് വാദം തെറ്റെന്ന് വിവാരാവകാശ രേഖ.
മ്യൂസിയം റോഡ്, രാജ്ഭവന് ഭാഗങ്ങളില്‍ പൊലീസിന്റെ സിസിടിവി ക്യാമറകള്‍ പ്രവര്ത്തനക്ഷമമെന്നും അപകടം നടന്ന ദിവസം ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് രണ്ടിനാണ് മാധ്യമ പ്രവര്ത്തകന് കെഎം ബഷീര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. രണ്ടാം തിയ്യതി സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമെന്ന് പൊലിസ് പറയുന്നത്.
അപകടം നടന്ന ശേഷം പൊലീസ് പറഞ്ഞത് സമീപത്തെ സിസിടിവി ക്യമറകള്‍ ഒന്നും തന്നെ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണ് പറഞ്ഞത്. പലതിലും റെക്കോര്‍ഡിങ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു മറ്റൊരു വാദം.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത് മ്യൂസിയം ഭാഗത്തും രാജ്ഭവന് ഭാഗത്ത് രണ്ടും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. ഇതില്‍ ഫിക്സഡ് ക്യാമറ ഉള്‍പ്പടെ ഉണ്ട് എന്ന് വിശദമായി തന്നെ പൊലീസ് വ്യക്തമാക്കുന്നു.തലസ്ഥാന നഗരിയില്‍ ആകെ 233 ക്യാമറകള്‍ ഉള്ളതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തെയും രാജ്ഭവന് സമീപത്തെയും ഈ ക്യാമറകള്‍. അതുകൊണ്ട് തന്നെ അപകടത്തെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ ആ ക്യാമറയിലുണ്ടായിരുന്നെന്നാണ് വിവരം.