ഗുരുവായൂര്‍: ഉദ്യോഗസ്ഥനു വധുവിന്റെ പേരില്‍ തോന്നിയ ആശയക്കുഴപ്പംമൂലം വിവാഹം രജിസ്റ്റര്‍ ചെയ്യാനാകാതെ ദമ്ബതിമാര്‍ മടങ്ങി. ഗുരുവായൂര്‍ നഗരസഭയിലാണ് വിവാഹരജിസ്ട്രേഷനെച്ചൊല്ലി വിവാദമുണ്ടായത്. കഴിഞ്ഞ 24-ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായ ദീപക് രാജ്-ക്രിസ്റ്റീന ദമ്ബതിമാരുടെ രജിസ്ട്രേഷനാണ് മുടങ്ങിയത്.ഹിന്ദുവായ മാതാപിതാക്കളുടെ രേഖകളെല്ലാം പരിശോധിച്ചെങ്കിലും മകള്‍ക്ക് ക്രിസ്ത്യാനിപ്പേരെന്നു പറഞ്ഞാണ് രജിസ്ട്രേഷന് തടഞ്ഞത്.
പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ. ജയചന്ദ്രന്റെയും കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകത്തിന്റെയും മകളാണ് ക്രിസ്റ്റീന. താലികെട്ടിനുശേഷം വിവാഹസത്കാരവും ഗുരുവായൂരില്ത്തന്നെയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയത്.
രജിസ്ട്രേഷനുവേണ്ട എല്ലാ രേഖകളും ഇവര്‍ ഹാജരാക്കി. അച്ഛനും അമ്മയും ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖകളും കാണിച്ചു. ഇതെല്ലാം പരിശോധിച്ച ഉദ്യോഗസ്ഥന് വധുവിന്റെ പേരിലാണ് ഉടക്കിയത്.
സര്‍ട്ടിഫിക്കറ്റില്‍ അവരുടെ മുഴുവന്‍ പേര് ക്രിസ്റ്റീന എമ്ബ്രെസ്സ് എന്നാണ്. ഇത് ക്രിസ്ത്യന്‍പേരാണെന്നും ഹിന്ദുവിവാഹനിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വാദം.
ഗുരുവായൂരിലെ സാംസ്കാരികപ്രവര്ത്തകന് വേണു എടക്കഴിയൂരായിരുന്നു സാക്ഷിയായി ഹാജരായത്. മാത്രമല്ല, നഗരസഭയിലെ ഭരണകക്ഷിയംഗം അഭിലാഷ് വി. ചന്ദ്രന്റെ ഡിക്ലറേഷന്‍ കത്തുമുണ്ടായിരുന്നു ക്രിസ്റ്റീന ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാല്‍ പരിഗണിക്കാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥന് അപേക്ഷ തിരിച്ചുനല്‍കുകയായിരുന്നുവെന്ന് വേണു എടക്കഴിയൂര്‍ പറഞ്ഞു.
വിവാഹരജിസ്ട്രേഷന് അപേക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടായാല്‍ മാറ്റിവെയ്ക്കാനുള്ള വിവേചനാധികാരമുണ്ടെന്നാണ് ഉദ്യോഗസ്ഥന് പ്രതികരിച്ചത്. ചൊവ്വാഴ്ചത്തെ ഗുരുവായൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.