വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കർണാടക സർക്കാർ. വയനാടിന് ആശ്വാസമായി ദുരന്തബാധിതർക്ക് 100 വീടുകൾ കർണാടക സർക്കാർ നിർമിച്ചു നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലിൽ കർണാടക കേരളത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് സിദ്ധരാമയ്യ എക്സിൽ പറഞ്ഞു. ദുരന്തബാധിതർക്കായി കർണാടക സർക്കാർ 100 വീടുകൾ നിർമിക്കും.
ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം പൂര്‍ത്തിയാക്കി പ്രതീക്ഷ നിലനിര്‍ത്തുമെന്നും സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.നേരത്തെ, ദുരന്തമുണ്ടായപ്പോൾ അയൽ സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും എല്ലാ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കർണാടകയിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തനത്തിന് അയച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള അഗ്നിശമനസേനയും വയനാട്ടിൽ എത്തിയിട്ടുണ്ട്. വയനാടിന് തമിഴ്നാട് സർക്കാരും നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വയനാട് പുനരധിവാസ പദ്ധതിയിൽ 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കർണാടകയും അറിയിച്ചു.