തിരുവനന്തപുരം: തലസ്ഥാനത്ത് മാദ്ധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീറാം വെങ്കിട്ടരാമനെ അവിടെയെത്തിയാണ് മജിസ്ട്രേട്ട് റിമാന്‍ഡ് ചെയ്തത്. അതേസമയം ശ്രീറാം ആശുപത്രിയില്‍ തുടരും.
വാഹനത്തില്‍ ഉണ്ടായിരുന്ന വഫ ഫിറോസിനെയും പൊലീസ് നേരത്തെ പ്രതിചേര്‍ത്തിരുന്നു. ജാമ്യം ലഭിക്കാവുന്ന കേസാണ് വഫയ്ക്കെതിരെ പൊലീസ് ചുമത്തിയത്. അപകടകരമായ വാഹനമോടിക്കലിനെ പ്രോത്സാഹിപ്പിച്ചു എന്നാണ് വഫയ്ക്കെതിരെയുള്ള കുറ്റം. വഫയെ ജാമ്യത്തില്‍ വിട്ടയച്ചു. ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിംഗ് ലെെസന്‍സ് റദ്ദാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.
നേരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, മനപൂര്‍വമായ നരഹത്യ തുടങ്ങിയ അധിക വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മാത്രമല്ല 30 ദിവസം ജയില്‍ വാസം അനുഭവിച്ചതിനു ശേഷം മാത്രമേ ശ്രീറാമിന് ജാമ്യം ലഭിക്കുകയുള്ളൂ.
ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേര്‍ന്നായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നില്‍ അതേദിശയില്‍ അമിതവേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. ബൈക്കിനെ മതിലിനോട് ചേര്‍ന്ന് കുത്തനെ ഇടിച്ചുകയറ്റിയശേഷമാണ് കാര്‍ നിന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസെത്തി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. . ശ്രീറാമും വഫയും മാത്രമാണ് കാറിലുണ്ടായിരുന്നത്. കൊല്ലത്ത് സിറാജ് പത്രവുമായി ബന്ധപ്പെട്ട മീറ്റിംഗില്‍ പങ്കെടുത്ത് തിരുവനന്തപുരത്തെത്തിയ ശേഷം താമസസ്ഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം