അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ തിരികെ കൊണ്ടുവരും. പേടിക്കേണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട്. പൊലീസ് പരിശോധനയിൽ എന്തുകിട്ടിയെന്നും മകൻ ചോദിക്കുന്നു. മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
പൊലീസ് അന്വേഷണത്തിൽ താൻ തൃപ്തനല്ലെന്നും ഇന്നലത്തെ പരിശോധനയിൽ പ്രധാനപ്പെട്ട തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും മകൻ പറയുന്നു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല.