ആശിച്ചു പണിത വീട് വിൽക്കേണ്ടി വരികയും അതു വാങ്ങിയവർ പൊളിക്കുന്നത് കാണേണ്ടിവരികയും ചെയ്ത ദുഃഖം പങ്കുവച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.തിരുവനന്തപുരത്ത് സ്വന്തം അദ്ധ്വാനത്തില്‍ ആദ്യമായി വച്ച വീട് പിന്നീട് ഭാഗ്യലക്ഷ്മി വിറ്റിരുന്നു. ഇത് വാങ്ങിയ വ്യക്തികള്‍ പൊളിക്കുന്നു എന്നതാണ് ഭാഗ്യ ലക്ഷ്മി പങ്കുവയ്ക്കുന്നത്.
ആ വീടു പണിയാൻ എടുക്കേണ്ടി വന്ന അധ്വാനവും ഒടുവിൽ മോഹിച്ചു പണിത വീടു വിട്ട് ഇറങ്ങേണ്ടി വന്ന അവസ്ഥയും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. ‘‘സ്നേഹവും സമാധാനവും ഇല്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം; അതെത്ര വിലപിടിപ്പുള്ളതായാലും,’’ എന്നാണ് വീടു വിട്ടതിനെപ്പറ്റി ഭാഗ്യലക്ഷ്മി പറയുന്നത്. വീടു പണിത് ഗൃഹപ്രവേശം നടത്തുന്നതും വർഷങ്ങൾക്കു ശേഷം ആ വീടു പൊളിക്കുന്നതുമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചു. സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്- എന്നാണ് വീഡിയോയുടെ ക്യാപ്ഷനായി ഭാഗ്യലക്ഷ്മി നല്‍കിയിരിക്കുന്നത്.
പത്താം വയസ്സു മുതൽ ഡബ്ബിങ് രംഗത്ത് സജീവമാണ് ഭാഗ്യലക്ഷ്മി. 1975ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലാണ് ആദ്യമായി ശബ്ദം നൽകിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചെങ്കിലും അഭിനയം തന്റെ പണിയല്ല എന്നു തിരിച്ചറിഞ്ഞ ഭാഗ്യലക്ഷ്മി, പിന്നീട് ഡബ്ബിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി അവർ മാറി. 1991ൽ ഡബ്ബിങ് ആർട്ടിസ്റ്റിനു സംസ്ഥാന സർക്കാർ അവാർഡ് ഏർപ്പെടുത്തിയപ്പോൾ, ആദ്യ പുരസ്കാരം ഭാഗ്യലക്ഷ്മിയെ തേടിയെത്തി. അതിനുശേഷം മൂന്നു തവണ കൂടി ഭാഗ്യലക്ഷ്മി മികച്ച ഡബിങ് ആർടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടി. ഭാഗ്യലക്ഷ്മിക്ക് നിധിൻ, സച്ചിൻ എന്നീ രണ്ടു മക്കളാണ് ഉള്ളത്.