ദില്ലി: എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. മോദിയെപ്പറ്റി നല്ലതു പറഞ്ഞാൽ പുറത്ത്. ഇമ്രാൻഖാനെ പുകഴ്ത്തിയാൽ അകത്തും. കോൺഗ്രസ്സ് ഇനി നൂറു വർഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന്ഉറപ്പായി എന്നാണ് ഈ വിഷയത്തില്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പ്രതികരണം ആരംഭിക്കുന്നത്. അബ്ദുള്ള കുട്ടി ഇങ്ങോട്ട് വരണം, എന്ന് അബ്ദുള്ളകുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാനും കെ സുരേന്ദ്രന് തയ്യാറാകുന്നു.
അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രം. എന്നാണ് കെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നേരത്തെ അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതില്‍ അഭിപ്രായം രേഖപ്പെടുത്തിയ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയെന്നത് ഒട്ടകപ്പക്ഷിയുടേതിന് സമാനമായ പ്രവൃത്തിയാണ്. തല മൂടി വച്ചാൽ യാഥാർഥ്യം, യാഥാർഥ്യമല്ലാതാവുന്നില്ല എന്ന് പ്രസ്താവിച്ചിരുന്നു.