കൊച്ചി: മുന്‍ സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന് എറണാകുളത്താണ് വി വിശ്വനാഥ മേനോന് ജനിച്ചത്. എറണാകുളം ശ്രീരാമവര്‍മ സ്കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈക്കോടതിയിലും മറ്റ് കോടതികളിലും അഭിഭാഷകനായിരുന്നു.
1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചു വിജയിച്ച് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. രണ്ടു വട്ടം പാര്‍ലമെന്റ് അംഗമായിരുന്നു. അഞ്ച് സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് ഏറെക്കാലം വിശ്വനാഥ മേനോന്റെ പേരിലായിരുന്നു. രണ്ടു മണിക്കൂര്‍ 35 മിനിറ്റ് എന്ന ഈ റെക്കോര്‍ഡ് പിന്നീട് കെ.എം. മാണി രണ്ടു മണിക്കൂറും 36 മിനിറ്റും 25 സെക്കന്‍ഡും നീണ്ട പ്രസംഗത്തിലൂടെ തിരുത്തി.
നഗരസഭാ കൗണ്‍സിലര്‍, എംപി, എംഎല്‍എ, മന്ത്രി തുടങ്ങി പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒട്ടേറെ പദവികള്‍ അലങ്കരിച്ച അദ്ദേഹം, പിന്നീടു പാര്‍ട്ടിയുമായി അകന്നു. കോണ്‍ഗ്രസിന്റെ ബി ടീമായി സിപിഎം പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് മേനോന് പാര്‍ട്ടി വിട്ടത്. സോണിയാ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന ജ്യോതി ബസുവിന്റെ പ്രഖ്യാപനം പാര്‍ട്ടി വിടാന്‍ പെട്ടെന്നുള്ള കാരണമായി.കൊച്ചി കപ്പല്‍ശാലയുള്‍പ്പെടെ ഒട്ടേറെ സുപ്രധാന നേട്ടങ്ങള്‍ എറണാകുളത്തേക്കെത്തിച്ച എംപിയും കേരളത്തിന്റെ വിദഗ്ധനായ ധനമന്ത്രിയുമൊക്കെ ആയിരുന്ന വിശ്വനാഥ മേനോന് പൊതുരംഗത്തു നിന്നു പിന്‍വലിഞ്ഞ് വീട്ടിലേക്കൊതുങ്ങി. പില്ക്കാലത്ത് അദ്ദേഹം കുറച്ചു കാലം പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്നു. ആത്മകഥയായ ‘കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍’ ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം) , മറുവാക്ക് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി അനുശോചിച്ചു
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയും ചൂഷണത്തിന് എതിരായും പോരാടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു വി. വിശ്വനാഥമേനോനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.പാര്‍ലമെന്റ് അംഗമെന്ന നിലയിലും സംസ്ഥാന ധനകാര്യമന്ത്രിയെന്ന നിലയിലും കഴിവു തെളിയിച്ച നേതാവായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്താണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പ്രവര്‍ത്തിച്ചതിന് പതിമൂന്നാം വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം പില്ക്കാലത്ത് ഒരുപാട് മര്‍ദനങ്ങള്‍ക്ക് ഇരയായി. കള്ളക്കേസില്‍ കുടുക്കി ഇന്ത്യയിലെ വിവിധ ജയിലുകളില്‍ അദ്ദേഹത്തെ അടച്ചു. എന്നാല്‍ ഇതൊന്നും അദ്ദേഹത്തിന്റെ പോരാട്ടവീറിനെ തളര്‍ത്തിയില്ല. ധീരനായ പോരാളി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത്. വിശ്വനാഥമേനോന്റെ വേര്‍പാട്, ഇടതുപക്ഷ- ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.