തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം കർശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷൻ. പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷൻ നിർദ്ദേശം നൽകി.
2017-ൽ തലശ്ശേരിയിലെ ഒരു സ്കൂളിൽ സഹപാഠിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് ബാലാവകാശ കമ്മീഷൻറെ ഇടപെടൽ. സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഫോൺ നിരോധനം കർശനമാക്കാനുള്ള നിർദ്ദേശം.
12 വരെയുള്ള ക്ലാസുകളിൽ നിലവിൽ ഫോൺ ഉപയോഗത്തിനു വിദ്യാഭ്യാസവകുപ്പിൻറെ വിലക്കുണ്ട്. ക്ലാസ് സമയത്ത് അധ്യാപകരും ഫോൺ ഉപയോഗിക്കരുതെന്നും ഡിപിഐയുടെ സർക്കുലറുണ്ട്. എന്നാൽ ഇത് കൃത്യമായി പലയിടത്തും പാലിക്കുന്നില്ലെന്ന പരാതികളും ഉയർന്നിട്ടുണ്ട്. സ്കൂളുകൾ നിർദ്ദേശം പാലിക്കുന്നുണ്ടോ എന്ന് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വുകപ്പ് ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണമെന്ന് ബാലാവകാശ കമ്മീഷൻറെ ഉത്തരവില്‍ പറയുന്നു.