കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ഉദ്ഘാടന ദിനം ‘ആയുധം കൊണ്ടുള്ള കളി വേണ്ടെന്നു’ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങില്‍ എത്തുന്നതിനെ തുടര്‍ന്ന് കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനു മുമ്ബായി നടത്തുന്ന ‘ദൃശ്യവിസ്മയം’ ചടങ്ങില്‍ കളരിപ്പയറ്റ് അഭ്യാസം പ്രദര്‍ശിപ്പിക്കുന്നതു വിലക്കി.
വേദിക്ക് സമീപം ഒരുതരത്തിലുള്ള ‘ആയുധക്കളി’കളും വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. ആഘോഷപരിപാടികളില്‍ പ്രശസ്ത കളരിപ്പയറ്റ് സംഘത്തിന്റെ പരിപാടികൂടി ഉള്‍പ്പെടുത്താൻ അനുവദിക്കണമെന്ന് കലോത്സവസമിതി കണ്‍വീനര്‍മാരുടെ യോഗത്തില്‍ ഒരു അംഗം ആവശ്യപ്പെട്ടപ്പോഴാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.
മന്ത്രിയുടെ പ്രസ്താവനയെ എം മുകേഷ് എംഎല്‍എയും പിന്തുണച്ചു. കുറച്ചു നാളുകള്‍ക്ക് മുൻപ് ഒരു ടിവിഷോയ്ക്കിടെ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രകടനത്തില്‍ ഏറെ മാറി ഇരുന്നിരുന്ന താനുള്‍പ്പെടെയുള്ള ജഡ്ജിങ് പാനലിലെ ഒരാള്‍ക്ക് തീപ്പൊരിവീണ് പൊള്ളലേറ്റെന്ന് മുകേഷ് പറഞ്ഞു. തേവള്ളി ഗവ. ബോയ്സ് ഹൈസ്കൂളില്‍ നടന്ന യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, അഡീഷണല്‍ ഡയറക്ടര്‍ സിഎ സന്തോഷ്, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.