തിരുവനന്തപുരം: റിപ്പബ്ലിക്ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി രാഷ്ട്രീയ പ്രേരിതവും കേരളത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിന്റെ പകപോക്കല്‍ നടപടിയാണിത്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം പല കാര്യങ്ങളിലും കേരളത്തോട് വിവേചനമാണ് കാട്ടുന്നത്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രകടിപ്പിക്കുവാന്‍ വിവിധ സംസ്ഥാനങ്ങള്‍ നിശ്ചല ദൃശ്യങ്ങള്‍ റിപ്പബ്ലിക്ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കുന്നത് പതിവാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുമതി നിഷേധിച്ചതിലൂടെ ഫെഡറിലിസത്തേയും കടന്നാക്രമിച്ചിരിക്കുകയാണ്. കേരളത്തിനു പുറമേ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ ബിജെപി വിരുദ്ധ സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളേയും ഒഴിവാക്കിയതിലൂടെ തങ്ങളുടെ രാഷ്ട്രീയ പകപോക്കല്‍ വ്യക്തമായിരിക്കുകയാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്.സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ പറഞ്ഞു.