കണ്ണൂരില്‍ മന്ത്രവാദത്തിനിരയായ അഞ്ച് പേര് മരിച്ചതായി പരാതി. ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് പേരുടെ മരണം മന്ത്രവാദത്തെ തുടര്‍ന്നാണന്നാണ് പരാതി. ചികിത്സയുടെ മറവില്‍ നടത്തുന്ന മന്ത്രവാദവും ശാരീരിക പീഡനങ്ങളുമാണ് മരണത്തിന് കാരണം. കുഞ്ഞിപ്പളളി സ്വദേശിയായ ഒരു ഇമാമാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് പരാതി.
വിദഗ്ധ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം സിറ്റി സ്വദേശിയായ പതിനൊന്നുകാരി ഫാത്തിമ മരിച്ചിരുന്നു. കണ്ണൂര്‍ സിറ്റിയിലെ ചില കുടുംബ വീടുകള്‍ കേന്ദ്രീകരിച്ചാണ് മന്ത്രവാദം പിടിമുറുക്കിയത്. അസുഖങ്ങള്‍ക്ക് വൈദ്യ ചികിത്സയ്ക്കപ്പുറം മതത്തെ മറയാക്കി മന്ത്രവാദമാണ് പ്രതിവിധി. തന്റെ മാതാവും ഉറ്റബന്ധുക്കളും ഇതിന്റെ ഇരകളാണെന്നു വെളിപ്പെടുത്തി യുവാവ് രംഗത്തെത്തി.
വ്രതമെടുക്കല്‍, മന്ത്രിച്ച വെള്ളം എന്നിങ്ങനെയാണ് മന്ത്രവാദമെന്ന് സിറാജ് പറഞ്ഞു. ഖുറാനിലെ സൂക്തങ്ങള്‍ ചൊല്ലിയാല്‍ അസുഖം മാറും എന്ന് ഇവര്‍ അവകാശപ്പെടുമെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.
സിറ്റി ആസാദ് റോഡിലെ 70കാരി പടിക്കല്‍ സഫിയയായാണ് മന്ത്രവാദത്തിന്റെ ആദ്യ ഇര. സഫിയയുടെ മകന് അഷ്റഫ്, സഹോദരി നഫീസു കുറുവ സ്വദേശി ഇഞ്ചിക്കല്‍ അന്‍വര്‍ എന്നിവരും വിദഗ്ധ ചികിത്സ കിട്ടാതെയാണ് മരിച്ചത്. സിറ്റി കുഞ്ഞിപ്പള്ളി ഇമാമും മരിച്ച സഫിയയുടെ കൊച്ചുമകളുടെ ഭര്‍ത്താവുമായ ഉവൈസാണ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് സിറാജ് പറയുന്നു.
കുടുംബത്തിലെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സിറാജ് കണ്ണൂര്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. രണ്ടുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് കോടതി ഉത്തരവ് വന്നെങ്കിലും കാര്യക്ഷമമായ ഇടപെടല്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം മരിച്ച നാലുവയല്‍ സ്വദേശിനി ഫാത്തിമ എന്ന വിദ്യാര്‍ത്ഥിനിയാണ് ഈ കണ്ണിയിലെ അവസാന ഇര. പനി ബാധിച്ചിരുന്ന ഫാത്തിമ കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. പനി ഗുരുതരമായതിനു പിന്നാലെയാണ് കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. ശ്വാസകോശത്തില്‍ പഴുപ്പ് രൂപപ്പെട്ടതാണ് മരണ കാരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിപ്പളളി സ്വദേശിയായ ഒരു ഇമാമാണ് മന്ത്രവാദത്തിന്റെ പിന്നിലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഫാത്തിമയുടെ മരണത്തിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മരിച്ച സഫിയയുടെ മകന് സിറാജില്‍ നിന്നും പൊലീസ് ഇന്നലെ മൊഴിയെടുത്തു