ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അന്‍വര്‍ എംഎല്‍എ. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്മെന്റ് നടത്തിയെന്നാണ് പി വി അന്‍വര്‍ ആരോപിക്കുന്നത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. പി.ആർ ഏജൻസി ഇല്ല എന്നാണ് ഇതുവരെ പറഞ്ഞത് ഇപ്പോൾ അത് തെളിഞ്ഞുവെന്നും 32 മണിക്കൂർ കഴിഞ്ഞിട്ടാണ് വിഷയത്തിൽ വിശദീകരണം നൽകുന്നതെന്നും അൻവർ പറഞ്ഞു.
അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി 32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ ആരോപിച്ചു. കരിപ്പൂർ എന്ന വാക്ക്, കോഴിക്കോട് എയർപോർട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു. സ്വർണക്കള്ളക്കടത്തിൽ ധൈര്യമുണ്ടങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടേ എന്നും പി വി അന്‍വര്‍ വെല്ലുവിളിച്ചു.
പൊറാട്ട് നാടകം എന്തിനാണെന്നും ഒരു റിയാസ് അല്ല നൂറു റിയാസ് വന്ന് ന്യായീകരിച്ചാലും ജനങ്ങൾക്ക് കാര്യം മനസിലായെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് അദ്ദേഹത്തിന് നല്ലതെന്ന് അൻവർ പറയുന്നു. വേറെയും മുഖ്യമന്ത്രിമാരാക്കാൻ യോഗ്യതയുള്ളവർ ഉണ്ടല്ലോയെന്നും ഞാനാണ് ആ സ്ഥാനത്തെങ്കിൽ മാറുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ വേറെ ആരും ഇല്ലെങ്കിൽ ഇതിനേക്കാൾ നല്ലത് മുഖ്യമന്ത്രി പദം റിയാസിനെ ഏൽപ്പിക്കുകയാണെന്ന് അൻവർ പരിഹസിച്ചു.