‘ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനും’, കോടിയേരിയുടെ വിയോഗം തീരാനഷ്ടം: പിണറായി വിജയന്
മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
അര നൂറ്റാണ്ടിലേറെക്കാലം ഒന്നിച്ച് പ്രവര്‍ത്തിച്ച അനുഭവം: പി ജയരാജന്:
കോടിയേരിയുമായി അര നൂറ്റാണ്ടിലേറെക്കാലം ഒന്നിച്ച് പ്രവര്‍ത്തിച്ച അനുഭവം. സ്കൂള്‍ കാലം മുതല്‍ ഒരുമിച്ചുണ്ടായിരുന്നു. തലശ്ശേരി ടൗണില്‍ വച്ച് ആര്‍എസ്എസുകാര്‍ മാരകമായി കോടിയേരിയെ ആക്രമിച്ചു. ഒട്ടേറെ ഓര്‍മകള്‍ അദ്ദേഹവുമായുണ്ട്. സി പി എമ്മിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അന്ത്യശ്വാസം വരെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം.
രാഷ്ട്രീയം വിടാന്‍ നിന്നപ്പോള്‍, തടഞ്ഞു നിര്‍ത്തിയ സഖാവ്:
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം നികത്താനാകാത്ത വിടവെന്നു എ. കെ. ബാലന്. രാഷ്ട്രീയം വിടാന്‍ നിന്നപ്പോള്‍, തടഞ്ഞു നിര്‍ത്തിയ സഖാവാണ് കോടിയേരി. പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഒരുമിച്ചു ഇരുന്നു പഴയ കഥകള്‍ പറയുമായിരുന്നുവെന്നും എ കെ ബാലന്.
കോടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന്റെ തീരാനഷ്ടമെന്ന് മന്ത്രി ജെ ചിഞ്ചുറാണി:
കോടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന്റെ തീരാനഷ്ടമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഏതു പ്രതിസന്ധിയിലും മുന്നണിയുടെ കെട്ടുറപ്പിനെ താങ്ങിനിര്‍ത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്. അവസാന ശ്വാസം വരെ അടിമുടി കമ്മ്യൂണിസ്റ്റായ മാര്‍ഗദര്‍ശി. രാഷ്ട്രീയ കേരളത്തിലെ ആ ചിരി ഇനിയില്ല. പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികള്‍.
കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്:
കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് കടന്നപ്പള്ളി രാമചന്ദ്രന്. ഫാസിസ്റ്റ് ശക്തികളുടെ കാലത്ത് കോടിയേരിയെ പോലുള്ളവരുടെ കരുത്തുറ്റ നേതൃത്വം ഇല്ലാതാവുന്നത് ദു:ഖകരം.
സഖാവ് കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിക്കും പൊതു സമൂഹത്തിനും തീരാ നഷ്ടമെന്ന് മന്ത്രി വീണാ ജോര്‍ജ്:
ആശയപരമായ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ച കരുത്തനായ നേതാവിനെയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൗമ്യമായി ഇടപെടലുകളോടെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നേതാവാണ് അദ്ദേഹം. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിയ്ക്കും കേരളത്തിന്റെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പകര്‍ന്നു തന്ന പാഠങ്ങള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുമെന്ന് നിയമസഭാ സ്പീക്കര്‍:
സഖാവ് കോടിയേരി എനിക്ക് പാര്‍ട്ടി സെക്രട്ടറിയോ തല മുതിര്‍ന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു. കമ്മ്യൂണിസ്റ്റാശയങ്ങളെ പകര്‍ന്നു തന്ന ഗുരുസ്ഥാനീയന്‍, സര്‍വോപരി എന്നും മാതൃകയായി മുന്നില്‍ നടന്ന സഖാവ്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു. അയല്‍വാസിയും കുടുംബ സുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാള്‍. അദ്ദേഹത്തിന്റെ പാത പിന്തുടര്ന്ന് അതേ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നതെന്നും നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍.
രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടേയും സ്നേഹം പിടിച്ചു പറ്റിയ നേതാവെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്:
രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടേയും സ്നേഹം പിടിച്ചു പറ്റിയ നേതാവായിരുന്നു കോടിയരിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്
‘അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ്…’; കോടിയേരിയുടെ വിയോഗവാര്‍ത്ത വിഎസിനോട് പറഞ്ഞപ്പോള്‍:
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗ വാര്‍ത്ത വി എസ് അച്യുതാനന്ദനെ അറിയിച്ചപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി അദ്ദേഹത്തിന്റെ മകന് വി എ അരുണ്‍കുമാര്‍.
കോടിയേരിക്ക് അന്ത്യോപചാരം അര്‍പ്പിച്ച് എംകെ സ്റ്റാലിന്:
കോടിയേരിക്ക് അന്ത്യോപചാരം അര്‍പ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗവും മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഒന്നിനും കീഴ്പെടാത്ത നേതാവായിരുന്നു അദ്ദേഹം. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം പോലും അനുഭവിച്ചിട്ടുള്ള നേതാവ്. അദ്ദേഹത്തിന്റെ കുടുംബത്തോടും സിപിഎം സഖാക്കളോടും എന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു.
‘അടിമുടി രാഷ്ട്രീയക്കാരന്’; കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്:
മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന് പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം.
കോടിയേരിയെ അനുസ്മരിച്ച് നേതാക്കള്‍; സ്വീകാര്യനായ നേതാവ്: ഉമ്മന്‍ ചാണ്ടി, നാഷ്ടമായത് കരുത്തനായ നേതാവിനെ: ചെന്നിത്തല
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തില്‍ അനുശോചന പ്രവാഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കള്‍ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണന് എല്ലാവര്ക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്നും സ്നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടിയെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു…ത്തല
എകെജി സെന്ററിലെ പാര്‍ട്ടി പതാക താഴ്ത്തികെട്ടി:
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് പിന്നാലെ എകെജി സെന്ററിലെ പാര്‍ട്ടി പതാക താഴ്ത്തികെട്ടി. കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. തിങ്കളാഴ്ച്ച മൂന്ന് മണിക്കാണ് സംസ്ക്കാരം. മൂന്ന് മണി മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന് നാളെ കണ്ണൂരിലേക്ക് പോകും.
കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക്:
അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് മൃതദേഹം തലശ്ശേരിയില്‍ എത്തിക്കും. മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി.