പൊലീസിനെ അച്ചടക്കം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പൊലീസുകാർ വ്യതിചലിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുഴുക്കുത്തുകളെ സേനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ. വേദിയിൽ എഡിജിപിയും എത്തിയിരുന്നു. അതേസമയം, നടപടിയും അന്വേഷണവും നടത്തുമെന്നും പറയുമ്പോഴും അൻവറിനെ കുറ്റപ്പെടുത്താത്ത നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിൽ മുഖ്യമന്ത്രിയും എഡിജിപി അജിത് കുമാറും ഒന്നിച്ചാണ് പങ്കെടുത്തത്. പി വി അൻവൻ എംഎൽഎയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. എഡിജിപി അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ ഭരണതലത്തിൽ നിർണ്ണായക ചർച്ചകൾ നടക്കുകയാണ്. ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും എഡിജിപിയെ വേദിയിലിരുത്തിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.