ഈറ്റ , കാട്ടുവള്ളി , തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനു കീഴില്‍ ഇടുക്കി ജില്ലയിലെ അടിമാലിയില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന് . നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബോര്‍ഡ് റിവ്യു യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും ഈറ്റ ഉപയോഗിച്ചുള്ള വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ നൈപുണ്യം ഉറപ്പാക്കുകയാണ് തൊഴില്‍ പരിശീലനകേന്ദ്രം വഴി ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അംശദായം കാലോചിതമായി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച നിയമ ഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. അംശദായം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തൊഴിലാളികളുടെ ആനുകൂല്യങ്ങളും കാലികമായി വര്‍ധിപ്പിക്കേണ്ടതുണ്ട്. റിട്ടയര്‍മെന്റ് ആനുകൂല്യം അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും നിയമഭേദഗതി ആവശ്യമാണ്. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് ബോര്‍ഡ് ക്രമീകരണങ്ങള്‍ നടത്തണം.
തൊഴിലാളികള്‍ക്ക് ജോലി ലഭിക്കണമെന്നും വരുമാന വര്‍ധന ഉണ്ടാകണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതിനനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇന്‍കം സപ്പോര്‍ട്ട് സ്കീം വഴിയുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളുടെ വിതരണം സമയബന്ധിതമാക്കണം. ഈറ്റ , കാട്ടുവള്ളി , തഴ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ അതതു മാസം തന്നെ നല്‍കണമെന്നും മന്ത്രി ബോര്‍ഡിന് നിര്‍ദേശം നല്കി. യോഗത്തില്‍ ബോര്‍ഡ് ചെയര്മാന് ചാണ്ടി പി.അലക്സാണ്ടര്‍ , ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ടി.പി.ദേവസിക്കുട്ടി, സാജു തോമസ്, കെ.സി.ഫ്രാന്‍സിസ്, എന്‍. വിജയകുമാര്‍, കുമ്പളം രാജപ്പന് എന്നിവരും ലേബര്‍ കമ്മീഷണര്‍ സി.വി.സജന്, ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി എം.ഗീത, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി ബി.പ്രതാപചന്ദ്രന്, തൊഴില്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി സി.ജി.ഷിജ, ബോര്‍ഡ് സിഇഓ ബിജു.വി.ബി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(വെല്‍ഫെയര്‍) രഞ്ജിത് പി.മനോഹര്‍ എന്നിവര്‍ പങ്കെടുത്തു.