തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്തിൽ ബാലഭാസ്ക്കറിന്റെ പണമില്ലെന്ന് വിഷ്ണുവിന്റെ മൊഴി. സ്വർണ്ണക്കടത്തിനായി പണം നൽകിയത് നിസാം, സത്താർ ഷാജി, ബിജു മോഹൻ എന്നിവരാണെന്നും ചോദ്യം ചെയ്യലില്‍ ബാലഭാസ്കറിന്റെ സാമ്പത്തിക മാനേജരായിരുന്ന വിഷ്ണു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.ദുബായില്‍ 2008 മുതല്‍ പോവാറുണ്ട്. ബാലഭാസ്കറിന്റെ മരണശേഷമാണ് സ്വര്‍ണ്ണക്കടത്ത് തുടങ്ങിയതെന്നും കാക്കനാട്ടെ ജയിലില്‍ കഴിയുന്ന വിഷ്ണു ക്രൈംബ്രാഞ്ചിന് മൊഴി നല്കി.
ഡ്രൈവര്‍ അര്‍ജ്ജുനെ ജോലിക്ക് കൊണ്ടുവന്നത് താനെന്നും വിഷ്ണു പറഞ്ഞു. ബാലഭാസ്കറിന്റെ മരണത്തിന് തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നേരത്തേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
അതേസമയം വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തിനിടയായത് വാഹനത്തിന്റെ അമിത വേഗമെന്ന സൂചന നല്കി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകട സമയത്ത് വാഹനത്തിന്റെ വേഗം 100 നും 120 നും ഇടയിലായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്പീഡോമീറ്റര്‍ നിലച്ചത് നൂറ് കിലോമീറ്ററിലെന്നും റിപ്പോര്‍ട്ടിലുണ്ട്. മോട്ടോർ വാഹന വകുപ്പും കാർ കമ്പനിയും ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് ഇടക്കാല റിപ്പോർട്ട് നൽകി. ഫൊറൻസിക് ഫലം കൂടി ലഭിച്ച ശേഷം അന്തിമ നിഗമനത്തിലെത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.