തിരുവനന്തപുരം: ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെ പരാജയകാരണം സംഘടനാപരമായ വീഴ്ചയെന്ന കോൺഗ്രസ് അന്വേഷണസമിതി റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് കൈമാറി. റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നതായും റിപ്പോര്‍ട്ട് പഠിച്ച ശേഷം നാളെ തന്നെ നടപടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. മുൻ കാല റിപ്പോർട്ടുകളുടെ ഗതി ഉണ്ടാകില്ല. ശുപാര്‍ശകള്‍ പരമാവധി നടപ്പാക്കുമെന്നും റിപ്പോര്‍ട്ട് പരസ്യമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ അടക്കം വീഴ്ചവരുത്തിയെന്നാണ് കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. മുൻ എംപി കെ വി തോമസ്, പി സി വിഷ്ണുനാഥ്, കെ പി കുഞ്ഞിക്കണ്ണൻ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ആലപ്പുഴ തോൽവിയെക്കുറിച്ച് അന്വേഷിച്ചത്. ആറ് ദിവസം ജില്ലയിൽ ക്യാമ്പ് ചെയ്ത് ആലപ്പുഴ മണ്ഡലത്തിലെ മുഴുവൻ നേതാക്കളിൽ നിന്നും സമിതി തെളിവെടുത്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പലപ്പോഴും താൻ ഒറ്റയ്ക്കായിരുന്നുവെന്ന് സ്ഥാനാർഥി തന്നെ അന്വേഷണ സമിതിയോട് വ്യക്തമാക്കിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ തുടങ്ങി ബൂത്ത് തലം വരെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച ഉണ്ടായെന്ന് സമിതിയുടെ റിപ്പോർട്ടിലുണ്ട്. ബൂത്ത് തലത്തിൽ മതിയായ പ്രവർത്തനഫണ്ട് ലഭ്യമാക്കിയിട്ടും മിക്കവയും നിർജീവമായിരുന്നു.