കൊച്ചി: എറണാകുളം ജില്ലയില്‍ മാത്രം പ്രളയ ദുരിതാശ്വാസത്തിന്റെ സഹായം ലഭിക്കാനുള്ളത് 27,000 പേര്‍ക്ക്. പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ശതകോടികള്‍ പിരിച്ചിട്ടുമാണ് ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ദുരിതാശ്വാസ ഫണ്ട് തീര്‍ന്നെന്നാണ് പരാതിയുമായി എത്തിയ പ്രളയ ബാധിതര്‍ക്ക് കളക്ടര്‍ നല്കുന്ന മറുപടി. ഒരാഴ്ചക്കകം പണം അക്കൌണ്ടുകളിലേക്ക് എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ വീടുകള്‍ക്ക് നഷ്ടം സംഭവിച്ച 27000 പ്രളയബാധിതര്‍ക്കാണ് ഇനി ധനസഹായം ലഭിക്കാനുള്ളത്. കളക്ട്രേറ്റിലെ പ്രശ്ന പരിഹാര സെല്ലിന് മുന്നില്‍ ദിവസങ്ങളായി ഇത്തരത്തില്‍ പരാതിക്കാരുടെ നീണ്ട നിരയാണ്.
ഭാഗീകമായി വീട് നഷ്ടപ്പെട്ടവരാണ് തുക ലഭിക്കാനുള്ളവരില്‍ അധികവും. എന്നാല്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് പോലും പണം ലഭിച്ചിട്ടില്ലെന്ന് ചിലര്‍ പറയുന്നു. കാലവര്‍ഷം എത്തും മുന്‍പ് അറ്റകുറ്റ പണിക്കുള്ള സഹായം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
അതേ സമയം ജില്ലയില്‍ അനുവദിച്ച ദുരിതാശ്വാസ ഫണ്ട് തീര്‍ന്നതിനാലാണ് ധനസഹായം വൈകുന്നത് എന്ന് കളക്ടര്‍ പ്രതികരിച്ചു. 163 കോടി രൂപ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചാലുടന്‍ അക്കൌണ്ടിലേക്ക് പണം എത്തുമെന്നും പരാതിക്കാരെ നേരില്‍ കണ്ട് കളക്ടര്‍ അറിയിച്ചു.