കോഴിക്കോട് താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തി. ഒന്നാം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാരകായുധം കണ്ടെത്തിയത്. പ്രതികൾ കഴിഞ്ഞവർഷവും വിദ്യാർത്ഥികളെ ആക്രമിച്ച ദൃശ്യങ്ങളും പുറത്തുവന്നു. അടിയന്തര നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
ഷഹബാസ് കൊലക്കേസിലെ പ്രതികളായ അഞ്ച് പേരുടെ വീടുകളിലാണ് ഒരേ സമയം പരിശോധന നടന്നത്. ഒന്നാം പ്രതിയുടെ വീട്ടിൽ 11 മണിയോടെ അന്വേഷണസംഘം എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മാതാപിതാക്കളെ വിളിച്ചുവരുത്തിയ ശേഷം നടത്തിയ റെയ്ഡിലാണ് ഷഹബാസിൻ്റെ തലച്ചോറ് തകർക്കാൻ ഉപയോഗിച്ച നഞ്ചക് കണ്ടെത്തിയത്. മറ്റിടങ്ങളിൽ നിന്നും നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെത്തി സൈൻ്റിഫിക് പരിശോധനക്ക് അയച്ചു. കൂടുതൽ ആളുകളുടെ പങ്ക് കണ്ടെത്താനായി പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. മൊബൈൽ ഫോൺ , റീൽസ് , താര ആരാധന എന്നിവ കുട്ടികളെ സ്വാധിനിക്കുന്നുണ്ടെന്ന് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ.
ഷഹബാസ് കൊലക്കേസിലെ മൂന്നു പ്രതികൾ കഴിഞ്ഞവർഷവും വിദ്യാർത്ഥികളെ മർദ്ദിച്ച ദൃശ്യങ്ങൾ പുറത്തുവന്നു. സ്കൂളിൽ ഉണ്ടായ പ്രശ്നത്തിന്റെ പേരിലായിരുന്നു കഴിഞ്ഞ ജനുവരി 5, 6 തീയതികളിലെ സംഘർഷം.