കേരളത്തിലെ വ്യവസായ വളർച്ച സംബന്ധിച്ച നിലപാടിൽ മാറ്റവുമായി ശശി തരൂർ. കേരളം വ്യവസായ സൗഹൃദം എന്ന പ്രസ്താവനയിലാണ് നിലപാട് മാറ്റം. അവകാശവാദങ്ങൾ മാത്രമാണുള്ളത്. കൂടുതൽ സംരംഭങ്ങൾ കേരളത്തിന് ആവശ്യമാണ്. പേപ്പറിൽ മാത്രം ഒതുങ്ങാതെ നടപ്പാക്കണം എന്നും ശശി തരൂർ വ്യക്തമാക്കി. കേരള സർക്കാരിൻറെ ഉദ്ദേശ്യശുദ്ധി നല്ലതെന്ന് സമ്മതിക്കാം.എന്നാൽ കേരളത്തിലെ യഥാർത്ഥ സാചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നത്.
എക്സ് പോസ്റ്റിലൂടെയാണ് ശശി തരൂർ നിലപാട് തിരുത്തിയത്. ടൈംസ് ഓഫ് ഇന്ത്യയുടെ പത്രവാർത്ത കൂടി ഷെയർ ചെയ്താണ് തരൂരിന്റെ പോസ്റ്റ്. ഹൈക്കമാന്റും കേരള നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തരൂരിന്റെ നിലപാട് മാറ്റം. വ്യവസായവകുപ്പിന്റെ സ്റ്റാർട്ട് അപ് മിഷൻ വളർച്ചാ കണക്ക് ശരിയല്ലെന്ന പാർട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നു.
അതേസമയം വിവാദ അഭിമുഖം പുറത്ത് വിട്ട ഇന്ത്യൻ എക്സ്പ്രസിനെതിരെ ഡോ. ശശി തരൂർ എംപി രംഗത്തെത്തിയിരുന്നു.കേരളത്തിൽ നേതൃത്വ പ്രതിസന്ധിയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചു. സംഭവിക്കേണ്ടതെല്ലാം സംഭവിച്ചതിനുശേഷമാണ് ഇന്ത്യൻ എക്സ്പ്രസ് ഖേദം പ്രകടിപ്പിക്കാൻ തയ്യാറായതെന്നും ശശി തരൂർ എക്സ് പോസ്റ്റിൽ വിമർശിച്ചു.
വാര്‍ത്ത സൃഷ്ടിക്കാനും പോഡ്കാസ്റ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയും ചെയ്ത കാര്യങ്ങള്‍ നാണക്കേടുണ്ടാക്കുന്നതാണെന്നും തരൂര്‍ കുറിച്ചു. തനിക്ക് അപവാദവും അപമാനവും അധിക്ഷേപവും നേരിടേണ്ടിവന്നു. ഈ അഭിമുഖം ഇന്ത്യൻ പത്രപ്രവർത്തനത്തെ കുറിച്ചുള്ള തൻറെ സംശയം വർധിപ്പിക്കാൻ ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.