കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോ നിർത്തിവെച്ചു. സ്റ്റോപ്പ് മെമോ കിട്ടിയിട്ടും പരിപാടി തുടരുന്നത് വാർത്തയാക്കിയതിന് പിന്നാലെ ജില്ലാ കളക്ടർ ഇടപെട്ടാണ് ഫ്ലവർ ഷോ നിർത്തി വെച്ചത്.
എറണാകുളം ജില്ല അഗ്രി – ഹോർട്ടിക്കൾച്ചർ സൊസൈറ്റിയും ജിസിഡിഎയുമാണ് പുഷ്പമേളയുടെ സംഘാടകർ. മറൈൻ ഡ്രൈവിൽ കഴിഞ്ഞ ഒരാഴ്ച്ചയായി പരിപാടി നടക്കുന്നു. ഇന്നലെ രാത്രിയാണ് പരിപാടി കാണാനെത്തിയ വീട്ടമ്മക്ക് അപകടമുണ്ടായത്. കെട്ടുറപ്പില്ലാത്ത പ്ലാറ്റ്ഫോം തകർന്ന് വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞിരുന്നു. അപകടത്തിന് പിന്നാലെ കൊച്ചി കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ അപകടകരമായ സാഹചര്യത്തിലാണ് പരിപാടി നടക്കുന്നതെന്ന് കണ്ടെത്തി. സ്റ്റോപ്പ് മെമോ നൽകിയെങ്കിലും പരിപാടി തുടർന്നു. ടിക്കറ്റ് നിരക്ക് ഈടാക്കി നടത്തുന്ന പരിപാടികൾക്ക് ആവശ്യമായ പിപിആർ ലൈസൻസും സംഘാടകർ നേടിയിട്ടില്ല.
പവിലിയനിൽ വെള്ളം കെട്ടി ചെളി നിറഞ്ഞു കിടക്കുന്നതിനാൽ, ഷോ കാണാൻ എത്തുന്നവർക്കു നടക്കാനാണ് പവിലിയനിലാകെ പ്ലൈവുഡ് നിരത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പരുക്കേറ്റ ബിന്ദു. സംഭവത്തിൽ ജില്ലാ കളക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകി.