ചിന്നക്കനാലിലെ കൊമ്പൻ മുറിവാലൻ ചരിഞ്ഞു. ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ മുറിവാലൻ അവശനായി കഴിഞ്ഞദിവസം വീണിരുന്നു. കാട്ടാനകൾ കഴിഞ്ഞദിവസം കൊമ്പുകോർത്തിരുന്നു.സംഭവത്തിൽ മുറിവാലൻ കൊമ്പന് പുറത്ത് ആഴത്തിലുള്ള പരുക്കുകൾ പറ്റിയിരുന്നു. ആനയുടെ ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ പഴുത്തതോട് കൂടി ആന അവശനിലയിൽ ആവുകയായിരുന്നു.
ചക്കക്കൊമ്പൻ മുറിവാലനെ കുത്തി പരുക്കേൽപ്പിച്ചിരുന്നു. ചക്കകൊമ്പന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കാട്ടാന അപകടാവസ്ഥയിൽ കിടക്കുകയായിരുന്നു.തുടർന്ന് ഇന്നലെ രാവിലെയോടെ ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള വനമേഖലയിൽ ആന വീണു. പിന്നീട് അവിടെ തന്നെ ആനയ്ക്ക് വനം വകുപ്പ് അധികൃതരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ ചികിത്സയും ആരംഭിച്ചിരുന്നു. എന്നാൽ ആനയുടെ ആരോഗ്യനിലയിൽ കാര്യമായി മാറ്റങ്ങൾ ഇല്ലാതെ വന്നതോടെയാണ് ആന ചരിഞ്ഞത്.