ലോണാവാലയിൽ കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ കുടുംബം ഒലിച്ചുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴംഗ കുടുംബമാണ് ഒലിച്ചുപോയത്. ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള ഒരു വെള്ളച്ചാട്ടത്തിൽ വെച്ചാണ് ഏഴ് പേർ ഒഴുകിപ്പോയത്.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ കുത്തിയൊഴുകിവരുന്ന മലവെള്ളത്തിന് നടുവിൽ ചെറിയ കുട്ടികളടക്കമുളള ഏഴ് പേർ പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്നത് കാണാം. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ആദ്യം കുട്ടികൾ ഒലിച്ചുപോകുകയും പിന്നാലെ മുതിർന്നവർ അടക്കമുള്ളവർ ഒലിച്ചുപോകുകയുമായിരുന്നു. വീഡിയോയിൽ മുതിർന്ന ഒരു പുരുഷൻ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതായി കാണാമെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഡാമിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിച്ചത് പെട്ടെന്നായിരുന്നു. ഇതോടെ ഇവർ കുടുങ്ങി. രക്ഷപ്പെടാനായി വെള്ളച്ചാടത്തിന് നടുവിലെ പാറയിൽ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്ക് വർധിച്ചതോടെ പാറയും മുങ്ങി. അതോടെ എല്ലാവരും ഒഴുക്കിൽപ്പെടുകയായിരുന്നു.